ലക്കില്ലാവിളയാട്ടം


Sunday, March 6, 2016

ഭാഗം - 1


നാന്ദിയ്ക്കുശേഷം സൂത്രധാരൻ പ്രവേശിയ്ക്കുന്നു.

സൂത്രധാരൻ: ഭാഷ,വേഷം,മെയ്‌നില എന്നിവകൊണ്ട്, ഭാവാവേശത്താൽ അനേകവികാരങ്ങളോടെ, സർവജ്ഞനായ, മൂന്നുലോകങ്ങളുടേയും ചലനമുൾക്കൊണ്ട് എതിരില്ലാതെ, നടനും പ്രേക്ഷകനും ഒന്നായിത്തീർന്ന് നൃത്തം ചെയ്യുന്നവനുമായ ആ ദിവ്യകപാലി വിശാലഭൂമിയാകുന്ന ഭിക്ഷാപാത്രം നിറയെ സൽകീർത്തിയെ നൽകുമാറാകട്ടെ.

സപത്നിദുഃഖം അനുഭവിയ്ക്കുന്ന എന്റെ ആദ്യഭാര്യയെ സന്തോഷിപ്പിയ്ക്കുവാൻ ഒരു വഴി കണ്ടെത്തി. ഇവിടെ കൂടിയിരിക്കുന്നവരുടെ മുന്നിൽ ഒരു നാടകം അവതരിപ്പിക്കാനായി അനവധികാലത്തിനുശേഷം ഞാൻ നിയുക്തനായിരിക്കുന്നു. ഞാൻ ഇക്കാര്യം അവളോട് പറയട്ടെ.
(അണിയറയിലേയ്ക്ക് തിരിഞ്ഞ്) പ്രിയേ, ഇവിടെ വരൂ.

(പ്രവേശിച്ച്)

നടി: (ദേഷ്യത്തോടെ) ആര്യ, കാലങ്ങൾക്ക് ശേഷം ചെറുപ്പക്കാരുടെ ലക്കില്ലാവിളയാട്ടം കാണിയ്ക്കാൻ വന്നതാണോ?

സൂത്രധാരൻ: അങ്ങിനെ തന്നെ

നടി: അത് നിന്റെ മറ്റവളെ കാണിയ്ക്ക്

സൂത്രധാരൻ: എനിയ്ക്ക് നിന്നോടൊപ്പം കളിയ്ക്കണം

നടി: നിന്നോട് ആരെങ്കിലും പറഞ്ഞോ?

സൂത്രധാരൻ: ഉവ്വ്. എന്തിനധികം? നീ കൂടെ കളിച്ചാൽ നിനക്ക് നല്ല പ്രതിഫലം കിട്ടും.

നടി: സന്തോഷമായിക്കാണും അല്ലേ?

സൂത്രധാരൻ: പ്രിയേ, നിനക്കും സന്തോഷമായില്ലേ? കൂടിയിരിക്കുന്നവർ നിന്റെ പ്രകടനം കണ്ട് സന്തോഷിച്ചാൽ ഉദാരമായ പ്രതിഫലം കിട്ടും.

നടി: (സന്തോഷത്തോടെ) മാന്യജനങ്ങളുടെ പ്രീതി എനിയ്ക്കുണ്ടോ?

സൂത്രധാരൻ: തീർച്ചയായും എനിയ്ക്കുറപ്പുണ്ട്

നടി: എന്നാലിനി നിന്റെ പ്രീതിയ്ക്കായി ഞാൻ എന്താണ് ചെയ്ത് തരേണ്ടത്?

സൂത്രധാരൻ: എന്തിനാണ് പ്രീതിയെ പറ്റി സംസാരിയ്ക്കുന്നത്? പ്രിയപ്പെട്ടവളേ, വിടർന്ന മന്ദഹാസം, വളഞ്ഞ പുരികക്കൊടി, തക്കാളിക്കവിൾ എല്ലാം ചേർന്ന നിന്റെ ഈ സുന്ദരമുഖം ഒരിയ്ക്കൽ കണ്ടാൽ അതിൽ കൂടുതൽ പ്രീതി ഞാൻ എന്തിനന്വേഷിക്കണം?

നടി: എന്താണ് കളിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നത്?

സൂത്രധാരൻ: നടേ നീ തന്നെ പറഞ്ഞ പോലെ ലക്കില്ലാവിളയാട്ടം എന്ന പരിഹാസക്കൂത്ത്.

നടി: (ആത്മഗതം) എനിയ്ക്കിവനോട് ദേഷ്യമൊന്നും ഇല്ല. കണ്ടില്ലെ, ഞാൻ പറയുന്നതൊക്കെ അവന്റെ മനസ്സിലിരിയ്ക്കുന്നവയാകുന്നത്. (ഉറക്കെ) ശരി, കാണിയ്ക്കാൻ പോകുന്ന ഈ കൃതി ആരെഴുതിയതാണ്?

സൂത്രധാരൻ: കേൾക്കൂ പ്രിയേ, പല്ലവരാജ്യത്തിൽ സിംഹവിഷ്ണുവർമ്മൻ എന്നുപേരായ ഒരു ശൂരനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ മിടുക്കുകൊണ്ട് പ്രജകൾക്ക് പ്രിയനായിരുന്നു. ശൂരത കൊണ്ട് ഇന്ദ്രതുല്യനായിരുന്നു. ഉദാരതകൊണ്ട് കുബേരനെക്കൂടെ തോൽപ്പിക്കുമായിരുന്നു. ഈ കൃതിയുടെ കർത്താവ് അദ്ദേഹത്തിന്റെ മകൻ, പ്രജാതൽപ്പരനായ രാജ മഹേന്ദ്രവിക്രമ വർമ്മൻ ആണ്.
പണ്ട് മഹാപ്രളയം വന്നപ്പോൾ സകലമാനസസ്യജീവജാലങ്ങളും രക്ഷയ്ക്കായി ആദിപുരുഷനെ ആശ്രയിച്ചപോലെ, കലിയുഗത്തിൽ, ആശ്രയം ലഭിയ്ക്കാതെ, ബുദ്ധി, അനുകമ്പ, സത്യസന്ധത,കല, ഉദാരത, സത്യം, ഭംഗി, അഭിമാനം, നിശ്ചയദാർഢ്യം, വിനയം തുടങ്ങിയ ഗുണങ്ങൾ എല്ലാം രാജ മഹേന്ദ്രവിക്രമ വർമ്മനെ ആശ്രയിച്ചു. മാത്രമല്ല, രാജ മഹേന്ദ്രവിക്രമ വർമ്മ ഗുണമുള്ള വചനങ്ങൾ വളരെ ലളിതമായി പറയും.

നടി: എന്തിനു താമസിയ്ക്കുന്നു? കളി വേഗം തുടങ്ങട്ടെ.

സൂത്രധാരൻ: ക്ഷമിയ്ക്കൂ. മഹത്‌കവികളുടെ കീർത്തി ഞാൻ എന്റെ ദുർബലശബ്ദത്തിൽ പാടുന്നു

(അണിയറയിൽ) പ്രിയേ, ദേവസോമേ

സൂത്രധാരൻ: പൂസായിയ കപാലി, യുവതികളുടെ സഖാവ്, കപാലം നിധിപോലെ..

(രണ്ട് പേരും പോകുന്നു)

സ്ഥാപന അവസാനിച്ചു


(ആ സമയം കപാലി കൂട്ടുകാരിയോടൊത്ത് പ്രവേശിയ്ക്കുന്നു)

കപാലി: (ലക്കില്ലാതെ ആടുന്നതായി അഭിനയിച്ച്) പ്രിയേ ദേവസോമേ. ഇഷ്ടാനുസരണം രൂപം മാറാനുള്ള കഴിവ് തപസ്സുകൊണ്ട് നേടിയെടുക്കാം എന്നുള്ളത് സത്യം തന്നെ. പരമവ്രതം ശരിയായി അനുഷ്ഠിക്കുന്നതുകൊണ്ട് നീ രൂപം മാറി സുന്ദരിയായിരിക്കുന്നു. നീ ആണെങ്കിൽ,
വിയർപ്പുകണങ്ങൾ പൊടിഞ്ഞ നിന്റെ മുഖത്തെ പുരികക്കൊടികളുടെ ആഢ്യചലനങ്ങൾ അകാരണമായ മന്ദഹാസം അവ്യക്തമായ വാക്കുകൾ ചുകന്ന, നൃത്തം ചെയ്യുന്ന കണ്ണുകൾ അലസമായ നോട്ടം തോളറ്റം തൂങ്ങിക്കിടക്കുന്ന മാല.

ദേവസോമ: പ്രഭോ, അങ്ങ് പറയുന്നത് കേട്ടാൽ ഞാൻ ആണ് പൂസായവൾ എന്ന് തോന്നുമല്ലൊ.

കപാലി: എന്തുപറഞ്ഞു നീ?

ദേവസോമ: ഹേയ്.. ഞാനൊന്നും പറഞ്ഞില്ല

കപാലി: എന്ത്? ഞാൻ പൂസായിരിക്കുന്നുവോ?

ദേവസോമ: പ്രഭോ, തലചുറ്റുന്നു. ഭൂമി തിരിയുന്നു. വീഴാൻ പോകുന്നു എന്നെ പിടിയ്ക്കൂ.

കപാലി: ശരി പ്രിയേ, നിന്നെ പിടിച്ചിരിയ്ക്കുന്നു. (താങ്ങാൻ നോക്കുന്നു വീഴുന്നു) പ്രിയേ സോമദേവേ, നിന്നെ താങ്ങാൻ വരുമ്പോൾ നീ എന്തിനാണ് ദേഷ്യപ്പെട്ട് അകലെ പോകുന്നത്?

ദേവസോമ: ഹ, നിന്റെ മറ്റവൾ സോമദേവയായിരിക്കും നീ ശിരസ്സുകുനിച്ചാലും ദേഷ്യപ്പെട്ട് പൊകുന്നത്.

കപാലി: നീ സോമദേവയല്ലേ? (ആലോചിച്ച്) അല്ല, ശരിതന്നെ ദേവസോമ ആണല്ലൊ നീ.

ദേവസോമ: നിന്റെ മറ്റവളെ നിനക്കത്ര ഇഷ്ടമെങ്കിൽ, പക്ഷെ അവളെ എന്റെ പേരു വിളിക്കരുത്.

കപാലി: പ്രിയേ പൊറുക്കൂ. ഇത് നാക്ക് തെറ്റിയതല്ലേ? ഞാൻ നല്ല പൂസാണ്.

ദേവസോമ: അതുശരി, ഇപ്പോൾ മദ്യത്തിനായി കുറ്റം.

കപാലി: ശരി ശരി.. മദ്യം എന്നെ നിയന്ത്രിയ്ക്കുന്നുവോ? എങ്കിൽ ഇന്നു മുതൽ ഞാൻ മദ്യപാനം നിർത്തി.

ദേവസോമ: അയ്യോ പ്രഭോ! അരുത് അരുത്. ഞാനായിട്ട് അങ്ങയുടെ വ്രതഭംഗം വരുത്തി തപസ്സ് നിർത്തരുത്.
(കപാലിയുടെ കാലിൽ വീഴുന്നു)

കപാലി: (സന്തോഷത്തോടെ എഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്ത്) നമഃ ശിവായ! പ്രിയേ, പൂസായനിലയിൽ, ലളിതസ്വഭാവമായ വികൃതവേഷം ധരിച്ച  നിന്റെ കണ്ണുകളിലെ ആഴത്തിലേക്ക് നോക്കിയാൽ, മോക്ഷമാർഗ്ഗത്തിലേക്ക് ഇപ്രകാരമുള്ള മനോഹര വഴി കണ്ടെത്തിയ ആ പിനാകപാണിയായ ഭഗവാൻ നീണാൾ വാഴട്ടെ!

ദേവസോമ: ഇങ്ങനെ പറയുന്നത് ശരിയാണോ പ്രഭോ? അർഹന്തന്മാരുടെ(ബുദ്ധസംന്യാസികൾ) മോക്ഷമാർഗ്ഗം വേറെ അല്ലേ?

കപാലി: അവർ മിഥ്യാവാദികൾ ആണ് ഭദ്രേ. എന്തുകൊണ്ടെന്നാൽ, കാര്യകാരണങ്ങൾക്ക് ഹേതുവായിട്ടുള്ളത് ഒന്നുതന്നെയാണെന്ന് അവർ പറയും. അതായത് ദുഃഖകാര്യം സുഖമാണെന്ന് പറഞ്ഞ് അവർ അവരുടെ തന്നെ വാദങ്ങളുടെ മുനയൊടിയ്ക്കുന്നു.

ദേവസോമ: ശാന്തം പാപം!

കപാലി: ശാന്തം പാപം! ശകാരിയ്ക്കാനായിട്ട് കൂടെ അവറ്റകളെ കുറിച്ച് മിണ്ടുന്നത് ശരിയല്ല. അവർ ആളുകളെ ബ്രഹ്മചര്യത്തിനു നിർബന്ധിക്കും. തലമുടി കളയണം, കുളിയ്ക്കരുത്, ഭക്ഷിയ്ക്കരുത്, നാറ്റവസ്ത്രം ധരിയ്ക്കണം ഹൗ! എന്തൊക്കെ നിബന്ധനകൾ ആണവർക്ക്! അവറ്റകളെ പറഞ്ഞ നാക്ക് ശുദ്ധമാക്കാൻ എനിയ്ക്ക് ഇനിയും മദ്യം വേണം.

ദേവസോമ: എന്നാൽ നമുക്ക് മറ്റൊരു മദ്യശാലയിലേയ്ക്ക് പോകാം.

കപാലി: അങ്ങിനെ തന്നെ

(രണ്ട് പേരും ചുറ്റിനടക്കുന്നു)

കപാലി: ഉയർന്നഗോപുരങ്ങളുടെ അറ്റത്തിരിയ്ക്കുന്ന മഴമേഘങ്ങളുടെ ഗർജ്ജന സദൃശമായ മൃദംഗധ്വനി. പൂക്കച്ചവടക്കാരുടെ പൂക്കൾ മറ്റൊരു വസന്തം കൊണ്ടുവന്ന പോലെ. നടന്നു നീങ്ങുന്ന യുവതികളുടെ ചലനമർമ്മരങ്ങൾ കാമദേവന്റെ വിജയം ആഘോഷിക്കുന്നു. അഹോ! കാഞ്ചിപുരം അതി സുന്ദരം തന്നെ. കൂടാതെ,
മുനികൾ കൈവരിച്ച സമാന്തരങ്ങൾ ഇല്ലാത്ത അനതിശയമായ അനന്തവുമായ സൗഖ്യത്തെ ഇവിടെ പൂർണ്ണമായി കാണുന്നത് അതിശയകരം തന്നെ. കാമഭോഗാത്മാക്കൾക്കും അതേ സുഖം അനുഭവിയ്ക്കാം. (മുനിമാരെ പോലെ സർവ്വം ത്യജിയ്ക്കണ്ട ആവശ്യമില്ലെന്നർത്ഥം)

ദേവസോമ: ഭഗവതി വാരുണിയെ(=മദ്യത്തിന്റെ ദേവി) പോലെ കാഞ്ചിയും അതിമധുരമാണ്.

കപാലി: പ്രിയേ, നോക്കൂ നോക്കൂ. ഈ മദ്യശാല യജ്ഞഭൂമിയെപ്പോലെ കാണപ്പെടുന്നു. ശാലയുടെ കൊടിമരം യജ്ഞശാലയിലെ തൂണുപോലെ. മദ്യം തന്നെ സോമരസവും. മദ്യസേവനടത്തുന്നവർ പുരോഹിതന്മാർ. മദ്യചഷകങ്ങൾ ചമസങ്ങൾ (യജ്ഞത്തിലുപയോഗിക്കുന്ന ഒരു തരം കപ്പ്). വരട്ടിയ ഇറച്ചിയും മത്സ്യവും മറ്റും ഹോമദ്രവ്യങ്ങൾ. കുടിയന്മാരുടെ വർത്തമാനം യജുർവേദമന്ത്രങ്ങൾ, അവരുടെ പാട്ട് സാമവേദമന്ത്രങ്ങൾ. ഷാപ്പിലെ തവികൾ സ്രുവങ്ങൾ(=യജ്ഞത്തിനുപയോഗിയ്ക്കുന്ന കോരികകൾ). അവരുടെ ദാഹം തന്നെ അഗ്നി. കള്ളുഷാപ്പുടമ തന്നെ യജ്ഞത്തിന്റെ യജമാനൻ.

ദേവസോമ: നമുക്ക് കിട്ടുന്ന ഭിക്ഷ രുദ്രഭാഗം(യജ്ഞത്തിൽ രുദ്രദേവനുള്ള അർപ്പണഭാഗം) ആകട്ടെ.

കപാലി: അഹോ! നോക്കൂ. താളമേളത്തിനനുസരിച്ച് ആടിയാടി തോന്നിയപോലെ ആംഗ്യം കാണിച്ച്, പിറുപിറുത്ത്, പുരികമിളക്കി മേൽമുണ്ട് ശരിയാക്കാനായി കൈകളുയർത്തി, കഴുത്തിലെ ആഭരണങ്ങൾ അസ്ഥാനത്തായി, അഴിയുന്ന മുണ്ട് ശരിയാക്കാൻ തുടങ്ങുമ്പൊൾ താളം തെറ്റിയുള്ള മദ്യപാനികളുടെ കൂത്താട്ടം മനോഹരം തന്നെ.

ദേവസോമ: ആഹാ, എന്റെ ഗുരു രസികൻ തന്നെ.

കപാലി: ഭഗവതി വാരുണിയെ ഒരു ഗ്ലാസ്സിലൊഴിയ്ക്കുന്ന സമയം ഭംഗിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അഴിയുന്നു. പ്രണയകുപിതന്മാരുടെ കോപം തീരുന്നു. യുവാക്കൾക്ക് ധൈര്യം കിട്ടുന്നു. ശൃംഗാരത്തിന്റെ ജീവിതം തന്നെ ഇവളിലാണ്. എന്തിനധികം?
കാമദേവനെ മഹാദേവൻ മൂന്നാം തൃക്കണ്ണ് തുറന്ന് ദഹിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. നമ്മുടെ ഉള്ളിൽ കത്തിനിൽക്കുന്ന മദനാഗ്നികാരണം കാമദേവൻ ദ്രവീകരിച്ച് എണ്ണയായതാണ്.

ദേവസോമ: ഭഗവാൻ, അത് ശരിയായിരിക്കാം. ലോകോപകാരിയായ ലോകനാഥൻ ലോകത്തെ നശിപ്പിക്കുകയില്ല.

(രണ്ടുപേരും അവരവരുടെ കവിളത്ത് തട്ടുന്നു)

5 comments:

  1. download option koduthoode? please...................

    ReplyDelete
    Replies
    1. archive.org ൽ പിഡിഎഫ് ഉണ്ട്. അവിടുന്ന് ഇറക്കുമതി ചെയ്തോളൂ.

      Delete
  2. നന്ദി, വളരെയധികം നന്ദി.....നവവത്സരാശംസകള്‍......

    ReplyDelete
  3. അവിമാരകം, മാലതി മാധവം, മല്ലികാമാരുതം, പ്രതിജ്ഞാ യൌഗന്ധരായണം തുടങ്ങിയവയുടെ മൂലങ്ങള്‍ കൈവശമുണ്ടോ? ഉണ്ടെങ്കില്‍ അവ കൂടി മലയാളത്തില്‍ പരിഭാഷപെടുത്തിക്കൂടെ?

    ReplyDelete
    Replies
    1. Sorry Sir, ഞാൻ ഒരു പണ്ഡിതനല്ല. മൂലങ്ങൾ ഒക്കെ മിക്കവാറും ഇവയെല്ലാം ഗൂഗിളിൽ തപ്പിയാൽ കിട്ടും.
      ഇതൊക്കെ ഓരോ നിമിഷങ്ങളുടെ വട്ടുകൾ ആണ് സർ. :)

      Delete