ലക്കില്ലാവിളയാട്ടം


ആമുഖം - മത്തവിലാസം ഒരു പരിചയപ്പെടുത്തൽ


മഹാമഹോപാധ്യായൻ ടി ഗണപതി ശാസ്ത്രികളെ (1860-1926) തിരുവിതാംകൂർ കൊട്ടാരത്തിലെ മനുസ്ക്രിപ്റ്റുകൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതിനായി മൂലം തിരുനാൾ മഹാരാജാവ് നിയോഗിച്ചു. ശേഷം അദ്ദേഹം സംസ്കൃതകോളേജിന്റെ പ്രിൻസിപ്പളായി. യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ മനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ ഹെഡുമായി.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതുവരെ കാണാത്താനവധി സംസ്കൃതകൃതികൾ ലോകം കണ്ടു. രാജാവ് മഹാമഹോപാധ്യായൻ എന്ന ബഹുമതി അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ Trivandrum Sanskrit Series എന്ന് ഇംഗ്ലീഷിലും അനന്തശയനഗ്രന്ഥാവലി എന്ന് സംസ്കൃതത്തിലും തിരുവനന്തപുരം രൂപകങ്ങൾ എന്ന് മലയാളത്തിലും പേരിൽ ഒരു കൂട്ടം സംസ്കൃതഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഭാസനാടകങ്ങൾ കണ്ടെടുത്തു എന്നതാണ് അദ്ദേഹത്തിനുള്ള പ്രസിദ്ധി എങ്കിലും അവ മാത്രമായിരുന്നില്ല അദ്ദേഹം സംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചത്.  അതിൽ ഒന്നാണ് മഹേന്ദ്രവിക്രമ വർമ്മ എന്ന പല്ലവ രാജാവിന്റെ മത്തവിലാസപ്രഹസനം. അനന്തശയനഗ്രന്ഥാവലിയിലെ 55 ആം നമ്പർ ആയി 1917ലാണ് ഇത് പ്രസിദ്ധീകരിയ്ക്കുന്നത്.


സംസ്കൃതകാവ്യങ്ങൾ സാമാന്യമായി രണ്ടാക്കി തിരിക്കാം. 1) കാണുവാനുള്ളതും (ദൃശ്യം) 2) കേൾക്കുവാനുള്ളതും (ശ്രവ്യം). ദൃശ്യകാവ്യങ്ങൾ അഭിനയിക്കാനുള്ളതാണ്. അതിനു അരങ്ങും നടന്മാരും എല്ലാം ആവശ്യമാണ്. ഈ ദൃശ്യകാവ്യങ്ങളെ തന്നെ രൂപകങ്ങൾ എന്നും ഉപരൂപകങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ തന്നെ രൂപകങ്ങളെ പത്തായി തിരിച്ചിരിക്കുന്നു.
  1. നാടകം, 2) പ്രകരണം 3) ഭാണം 4) വ്യയോഗം 5) സമവാകരം 6) ഡിമം 7) ഈഹാമൃഗം 8) അങ്കം 9) വീഥി 10) പ്രഹസനം
(ഇവ മുകളിൽ എഴുതിയിരിക്കുന്നത് ശരിയായ സീക്വൻസിൽ അല്ല)

ഉപരൂപകങ്ങൾ പതിനഞ്ചായി തിരിച്ചിരിക്കുനു. കുറച്ച് വ്യത്യാസങ്ങൾ ഒഴിച്ചാൽ ഏകദേശം എല്ലാം ഒരുപോലെ തന്നെ. പൊതുവെ നമുക്ക് നാടകം എന്ന് തന്നെ വിളിക്കാം.

ഇതിൽ പ്രഹസനം എന്ന് പറയുന്നത് ഒന്നോ രണ്ടോ രംഗങ്ങളുള്ള നാടകങ്ങൾ ആണ്. ഹാസ്യമായിരിക്കും മുഖ്യരസം. നായകനും നായികയും എല്ലാം സാധാരണക്കാർ. പുരാണങ്ങളിൽ നിന്നും എടുത്ത കഥാതന്തു അല്ലാതെ, തികച്ചും ലൗകികമായ കഥാതന്തു ആയിരിക്കും പ്രഹസനരചനയിൽ ഉപയോഗിക്കുന്നത്.

പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ഇന്നത്തെ തമിഴ്‌നാട്ടിലെ കാഞ്ചീപുരം തലസ്ഥാനമാക്കി ഏഴാം നൂറ്റാണ്ടി നാടുവാണിരുന്ന രാജാവായിരുന്നു. അദ്ദേഹം ശത്രുമല്ലൻ, അവനിഭാജനം, ഗുണഭരൻ,മത്തവിലാസ തുടങ്ങി അനേകം വിശേഷണപദങ്ങളും പേരിന്റെ കൂടെ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കരിങ്കൽശിൽപ്പങ്ങളിലെ കൊത്തുവേലകളും മറ്റും ധാരാളം പരിപോഷിപ്പിക്കപ്പെട്ടിരുന്നു. മഹാബലിപുരം കരിങ്കൽ ക്ഷേത്രം പണിതുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണെന്ന് കരുതപ്പെടുന്നു. അദ്ദേഹം നല്ലൊരു കവിയും കൂടെ ആയിരുന്നു. മത്തവിലാസം, ഭഗവദ്-അജ്ജുകം എന്നിങ്ങനെ രണ്ട് പ്രഹസനങ്ങൾ ആണ് അദ്ദേഹത്തിന്റെ പേരിൽ ഇന്ന് അറിയപ്പെടുന്നത്. അതിൽ തന്നെ ഭഗവദ്-അജ്ജുകത്തിന്റെ കർത്താവ് ബോധായനൻ ആണെന്നും തർക്കമുണ്ട്. മഹമഹോപാധ്യായൻ ടി ഗണപതി ശാസ്ത്രി അനവധിശിലാശാസനങ്ങളും മറ്റും പരിശോധിച്ച ശേഷമാണ് മഹേന്ദ്രവിക്രമ വർമ്മൻ ആണ് മത്തവിലാസപ്രഹസനത്തിന്റെ കർത്താവ് എന്ന് തിരിച്ചറിഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ വാദം പണ്ഡിത ലോകം അംഗീകരിക്കുന്നു.

കെ പി നാരായണപ്പിഷാരോടി മത്തവിലാസപ്രഹസനം മലയാളത്തിലേയ്ക്ക് തർജ്ജുമ ചെയ്ത് ദക്ഷിണ ബുക്സ് എടപ്പാൾ(?) പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മഹേന്ദ്രവിക്രമ വർമ്മ ജൈനമതവിശ്വാസിയായിരുന്നു എന്നും പിന്നീട് ശിവഭക്തനായി മാറി എന്നും പണ്ഡിതലോകം അഭിപ്രായപ്പെടുന്നു.

മത്തവിലാസം പ്രഹസനത്തിലെ കഥാപാത്രങ്ങളെ പറ്റി:

ശിവപാർവതീ സങ്കൽപ്പം ഭാരതത്തിലെ ഏറ്റവും പ്രാക്തനവും ശക്തിയുമുള്ള ദമ്പതീസങ്കൽപ്പം ആണ്. ഇവരുടെ ലീലകൾ പലപ്രകാരത്തിലും പലരൂപത്തിലും പലഭാവത്തിലും ഭാരതത്തിലങ്ങോളമിങ്ങോളം ഉണ്ട്. ഈ വൈവിധ്യത്തിനനുസരിച്ച് വിവിധ തരത്തിൽ ശിവനെ ഭജിച്ചവർ, കാപാലികർ, കാളമുഖർ, പാശുപതർ, തുടങ്ങി പല വിഭാഗങ്ങൾ ആയി തിരിഞ്ഞിരുന്നു. അതിൽ പല വിഭാഗവും നശിച്ചു ചിലതെല്ലാം ഇന്നും നിലനിൽക്കുന്നു.

കാപാലികർ അല്ലെങ്കിൽ കപാലികൾ എന്നറിയപ്പെടുന്ന വിഭാഗത്തെ പറ്റി വിശദമാക്കുന്ന കൃതികൾ അധികമൊന്നും നമുക്ക് ലഭിച്ചിട്ടില്ല. അവർ ഏറ്റവും പ്രാകൃതമാർഗ്ഗത്തിൽ ശിവനെ ഭജിയ്ക്കുന്ന വിഭാഗമാണ്. മത്തവിലാസപ്രഹസനം കപാലികളുടെ ചിത്രം നമ്മുക്ക് വരച്ച് തരുന്നുണ്ട്. അതിലെ മുഖ്യകഥാപാത്രം തന്നെ ഒരു കപാലിയാണ്. കപാലം അഥവാ തലയോട്ടി കയ്യിൽ ഭിക്ഷാപാത്രമായി കയ്യിൽ വെയ്ക്കുന്നതുകൊണ്ടാണ് അവർക്ക് കപാലികൾ എന്ന പേരുകിട്ടിയത്. കപാലവും തൃശൂലദണ്ഡും കപാലികളുടെ മുദ്രകൾ ആണ്. മദ്യസേവയും സംഭോഗവും മത്സ്യമാംസാദി ഭക്ഷിക്കുന്നതും ചുടലഭസ്മം പൂശുന്നതും ചുടലയിൽ കിടക്കുന്നതും നൃത്തമാടുന്നതും എല്ലാം അവരുടെ പന്ത്രണ്ടുകൊല്ലം നീളുന്ന മഹാവ്രതത്തിന്റെ ഭാഗമാണ്. തന്ത്രവിദ്യയിൽ കപാലികൾക്ക് നിർബന്ധമായ പഞ്ച ‘മ‘ കൾ: മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയാണ്. ഇതിൽ മുദ്ര എന്നതിനു ധാന്യം എന്നാണ് ഇവിടെ അർത്ഥം. പഞ്ചമകര സിദ്ധാന്തം എന്നാണ് ഇതിനെ പറയുന്നത്.

എന്തിനു ഒരു പുരാണകഥയുടെ ബലം ഉണ്ടാകുമല്ലൊ. കപാലികൾക്കും ഉണ്ട് അങ്ങിനെ ഒരു കഥ. പലസ്ഥലത്തും പലതരത്തിൽ ആണ് ബ്രഹ്മ-ശിവന്മാർ തമ്മിലുള്ള ഇക്കഥ പറയുന്നത്. അതിൽ രണ്ട് രീതിയിൽ ഉള്ള കഥ മാത്രം ഇവിടെ പറയാം. ബ്രഹ്മാവിനു പണ്ട് അഞ്ചുതല ഉണ്ടായിരുന്നുവത്രെ. ബ്രഹ്മാവും ശിവനും കൂടി തല്ലുകൂടിയപ്പോൾ ദേഷ്യം വന്ന ശിവൻ, ബ്രഹ്മാവിന്റെ അഞ്ചാം തല നുള്ളിയെടുത്തു എന്നാണ് ഒന്ന്. ശിവലിംഗത്തിന്റെ അറ്റം ഞാൻ കണ്ടിട്ടുണ്ട് എന്ന ബ്രഹ്മാവിന്റെ പോള്ളയായ അവകാശവാദത്തിൽ ശിവനു ദേഷ്യം വന്നു എന്നും അഞ്ചാം തല നുള്ളി എന്നും പറയപ്പെടുന്നു. എന്തായാലും ശിവനു ബ്രഹ്മാവിന്റെ തല അറുത്തതിനാൽ ബ്രഹ്മഹത്യ പാപം അനുഭവിയ്ക്കേണ്ടി വന്നു. ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും വന്ന ഭൈരവമൂർത്തിയാണ് ബ്രഹ്മാവിന്റെ അഞ്ചുതലകളിൽ ഒന്ന് അറുത്തത് എന്നും ശേഷം ഭൈരവൻ ബ്രഹ്മാവിന്റെ അറുത്ത തലയുമായി പാപഭാരത്തോടെ ലോകം ചുറ്റി എന്നും കാശിയിൽ വെച്ച് ശിവനുമായി ചേർന്നു എന്നും മറ്റൊരു കഥ. ബ്രഹ്മാവിന്റെ തല കൊണ്ട് ശിവൻ തന്നെ പന്ത്രണ്ട് കൊല്ലക്കാലം ഭിക്ഷയെടുത്തു നടന്നു എന്ന് മറ്റൊരു കഥ.

രണ്ടായാലും ഭിക്ഷയെടുക്കുന്ന ശിവനെ അനുസ്മരിപ്പിക്കുന്നതാണ് കപാലികൾ. അവർ ശരീരമാകെ ചിതാഭസ്മം പൂശി തലയോട്ടി ഭിക്ഷാപാത്രമാക്കി ധാരാളം മദ്യസേവ ചെയ്ത് ചുടലകളിലും മറ്റും കിടന്ന് നൃത്തമാടി തീർത്ഥാടനം ചെയ്ത് പന്ത്രണ്ട് കൊല്ലക്കാലം കഴിയും. അവർക്ക് പങ്കാളിയുമായി പലവിധരീതികളിലും സംഭോഗത്തിലേർപ്പെടുന്നതും മദ്യസേവയും ഭിക്ഷയെടുക്കലും എല്ലാം മോക്ഷമാർഗ്ഗമാണ്. ഇങ്ങനെ നിഷ്ഠയോടെ ഭിക്ഷയെടുത്ത് തീർത്ഥാടനം നടത്തുന്നതാണ് മഹാവ്രതം. ഈ വ്രതം അനുഷ്ഠിയ്ക്കുന്നവരെ  മഹാവ്രതികൾ എന്നും അറിയപ്പെടുന്നു. സോമസിദ്ധാന്തം എന്നാണവർ പിൻതുടരുന്ന സിദ്ധാന്തത്തിനെ പറയുന്നത്. സോമം. സോ=ശിവൻ മ=ഉമ, പാർവ്വതി. ശിവനും ഉമയും ചേർന്നത്. ഇവരുടെ എഴുത്തുകളും മറ്റ് ജീവിതരേഖകളും ഇന്ന് ലഭ്യമല്ല.

പാശുപതന്മാർ മറ്റൊരു തരത്തിലുള്ള ശിവഭക്തരാണ്. ഇവർ പരിഷ്കൃതരാണ്. പശുപതി എന്നത് ശിവന്റെ പര്യായമാണ്. ഇക്കൂട്ടർ കപാലികളെ പോലെ ചിതയിൽ ഉറങ്ങുന്നവരല്ല. കുറച്ചുകൂടെ സിദ്ധാന്തപരമായി ഉയർന്നവരാണെന്ന് കരുതപ്പെടുന്നു. ഇവരാണ് ഏറ്റവും പ്രാചീനരായ ശിവഭക്തർ എന്ന് കരുതപ്പെടുന്നു.

മത്തവിലാസം കൂടിയാട്ടത്തിൽ:

സംസ്കൃതനാടകങ്ങളുടെ അവതരണരീതികളിൽ ഏറ്റവും പുരാതനമായതും ഇന്നവശേഷിയ്ക്കുന്നതും കേരളത്തിലെ കൂടിയാട്ടം മാത്രമാണ്. കുറച്ച് കൊല്ലങ്ങൾക്ക് മുൻപു വരെ കൂടിയാട്ടം ഒരു അനുഷ്ഠാന കലയായി അമ്പലങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രം നടന്നിരുന്നതാണ്. ഉൽപ്പതിഷ്ണുക്കളായവരുടെ ഇടപെടൽ മൂലം ഇന്നതിനു മാറ്റം വന്നിട്ടുണ്ട്. കൂടിയാട്ടം രൂപത്തിൽ മത്തവിലാസപ്രഹസനം ഇന്നും പ്രധാനമായും ശിവക്ഷേത്രങ്ങളിൽ അവതരിപ്പിച്ച് പോരുന്നു. സന്താനലബ്ദി, കാര്യസിദ്ധി എന്നിവയ്ക്ക് നല്ലതാണ് മത്തവിലാസപ്രഹസനം അവതരിപ്പിക്കുന്നത് എന്ന് പൊതുവരെ ഒരു ധാരണ ഉണ്ട്.

മത്തവിലാസപ്രഹസനം മുഴുവൻ പാഠവും കൂടിയാട്ട അവതരണരീതിയിലെ സംവിധായകന്റെ ഇടപെടൽ കൊണ്ട് പാഠമാറ്റം സംഭവിച്ചത് നാം തിരിച്ചറിയുന്നത് ഇവിടെയാണ്. കഥയിൽ നിന്നും അതിന്റെ ആഖ്യാനം മറ്റൊരു രീതിയിൽ ആകുന്നത് പുതുമയുള്ള സംഭവം ഒന്നുമല്ല. അത്തരമൊരു പാഠമാറ്റമാണിവിടെ മത്തവിലാസപ്രഹസനത്തിനും സംഭവിച്ചത്.

ഞാൻ മത്തവിലാസം കൂത്ത് നേരിട്ട് കണ്ടിട്ടില്ല എങ്കിലും യൂറ്റ്യൂബിൽ ചില കഷ്ണങ്ങൾ ഉണ്ട്. പിന്നെ അവിടെയും ഇവിടേയും കുറച്ച് വിവരങ്ങളും ഉണ്ട്. അത് വെച്ചും എൻ.പി ഉണ്ണിയുടെ പുസ്തകത്തിലുള്ളത് വെച്ചും കൂടിയാട്ടത്തിൽ മത്തവിലാസം എങ്ങിന അവതരിപ്പിക്കുന്നു എന്ന് ചുരുക്കി പറയാം. അതിനുമുൻപ് ഇതൊന്നും, ഈ പരിഭാഷ അടക്കം, ആധികാരികമല്ല എന്ന് മുൻകൂർ ജാമ്യം എടുക്കട്ടെ.

കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. അത് കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി.
Mani_damodara_Chakyar-mattavilasa (1).jpg
മത്തവിലാസം കൂത്തിലെ കപാലി വേഷം - മാണി ദാമോദര ചാക്യാർ. ഫോട്ടോ വിക്കിയിൽ ശ്രീകാന്ത് അപ്‌ലോഡ് ചെയ്തത്.




mattavilasam kooth kapali.JPG
മത്തവിലാസം കൂത്ത് - കപാലി ഫോട്ടോ: മനോജ് കെ ആനന്ദം/മനോജ് കെ മോഹൻ

ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്.

രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങിനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ  ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം.

മൂന്നാംദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്.

എന്തായാലും, തികച്ചും ഹാസ്യാമായ ഒരു കഥയെ അതിലെ ഹാസ്യത്തിനെ മാറ്റി ഭക്തിരസപ്രധാനമാക്കി മാറ്റി എന്നതാണ് ഇത്തരം ഒരു അവതരണരീതികൊണ്ട് സാധിച്ചത്. എന്നാലല്ലെ അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്താൻ പറ്റൂ. കൊട്ടിയൂരും കരിവള്ളൂരും മത്തവിലാസം കൂത്ത് വഴിപാട് കൂത്തുകൾ ആണ്. 2024 വരെ ഉള്ള വഴിപാട് കരിവള്ളൂർ ബുക്ക് ചെയ്ത് കഴിഞ്ഞു എന്ന് നെറ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.





മത്തവിലാസം കഥകളിരൂപത്തിൽ 2012ൽ അവതരിപ്പിച്ചതും കൂത്തിലെ രീതി പിൻതുടർന്നാണ്.
മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം നടന്നത് വ്യാഴാഴ്ച 06-09-2012 തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.

Edit: Rajaneesh Chakyar ഇതിൽ രണ്ടാം ദിവസം സൂത്രധാരന്റെ നിർവ്വഹണമാണ്. കാളിദാസന്റെ കുമാരസംഭവം ആസ്പദമാക്കി അഭിനയം. കാളിദാസ നാടകങ്ങൾ കൂടിയാട്ടത്തിൽ പണ്ട് ഉപയോഗിച്ചിരുന്നില്ല. ഇത് സ്വീകരിച്ചിട്ടുണ്ട്. ശിവപാർവ്വതീവിവാഹം, കുമാരജനനം, താരകാസുരവധം. രക്തബീജവധാനന്തരം കുപിതയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവൻ നൃത്തം ചെയ്തു എന്ന കഥയിവിടെ അവലംബം. ഭാഷാവേഷവപുഃ എന്നശ്ലോകതിൽ സൂചന യഃ പ്രേക്ഷകശ്ച സ്വയം ശിവൻ നർത്തകനായും പ്രേക്ഷകനായും ഇരുന്നു എന്നാണ് ഐതിഹ്യം. അടിയന്തിരക്കാരായ ചാക്യാർക്ക് ഇത് നല്ല ബോധ്യമുളളതിനാൽ വിളക്ക് സാക്ഷിയായാലും വൈഷമ്യല്ല. തുടർന്ന് മൂന്നാം ദിവസം കപാലി. കപാലിയുടെ നിർവ്വഹണമാണ് മുകളിൽ സൂചിപ്പിച്ച സത്യസോമന്റെ കഥ. അതൊന്ന് മാറ്റിയെഴുതിക്കോളൂ...
തൃശൂർ വടക്കുന്നാഥൻ കാഷേത്രത്തിലും മത്തവിലാസം പതിവുണ്ട് ഇടയ്ക്ക്.


ഞാനിതിനായി വായിച്ച പുസ്തകങ്ങൾ:(അവലംബം)




MATTAVILÁSAPRAHASANA of  SRÎ MAHENDRAVIKRAMAVARMAN
EDITED BY -  T. GANAPATI SASTRI
PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF HIS HIGHNESS THE MAHARAJAH OF TRAVANCORE. PRINTED BY THE SUPERINTENDENT GOVERNMENT PRESS 1917

Tantra In Practice - Edited by David Gordon White, Princeton Reading in Religions, @Copyright Princeton University Press. “A Parody of the Kapalikas in the Mattavilasa” - by David N. Lorenzen

Bhagavad-Ajjukam and Mattaviläsa-Prahasanam by King Mahëndravikramavarman
Edited and Translated by Michael Lockwood and A. Vishnu Bhat
Copyright © 2005 by Michael Lockwood

Mattavilasa Prahasana Text, English Translation with Introduction By N. P Unni
ISBN: 9788170814016 Published by Nag Publishers, 1998

The Kapalikas and Kalamukhas - Two lost Saivite sects - David N. Lorenzen
ISBN: 81- 208-0708 -1 MOTILAL BANARSIDASS, Delhi © D. N. Lorenzen 1972

കൂടാതെ ഇന്റെർനെറ്റിൽ ലഭ്യമായ അനവധി ലേഖനങ്ങളും.

1 comment: