ലക്കില്ലാവിളയാട്ടം


Sunday, March 6, 2016

ഭാഗം - 3


പാശുപതൻ: സത്യസോമ, എന്തിനാ നീ തൊള്ളയിടുന്നത്?

കപാലി: എടാ ബഭ്രുകൽപ്പാ, ഭിക്ഷു എന്ന് പറയുന്ന ഈ ദുഷ്ടൻ നാഗസേനൻ എന്റെ ഭിക്ഷാപാത്രം മോഷ്ടിച്ചു എന്ന് മാത്രമല്ല അത് തിരിച്ച് തരുന്നുമില്ല.

പാശുപതൻ: (ആത്മഗതം) ഇവിടെ ഞാൻ ചെയ്യുന്നത് പണ്ടേ ഗന്ധർവന്മാർ ചെയ്തതാണ്. ഈ ദുഷ്ടൻ, എന്റെ പെണ്ണിനെ ആ ക്ഷുരകദാസിയെ, ഇവൻ ഇവന്റെ തുണിയുടെ ഉള്ളിലെ കവടി, പശുവിനു പുല്ലുകാണിയ്ക്കുന്നതു പോലെ, എപ്പോഴും പ്രദർശിപ്പിച്ച് വശീകരിയ്ക്കും. പകരം ചെയ്യാൻ പറ്റിയ സന്ദർഭം ഇത് തന്നെ. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലൊ. (ഉറക്കെ) ഓ നാഗസേന, ഇവൻ പറയുന്നത് സത്യമാണോ?

ബുദ്ധഭിക്ഷു: ഭഗവാൻ, താങ്കളും എന്താണ് ഇങ്ങനെ സംസാരിക്കുന്നത്? തരാത്ത ദാനം പിടിച്ച് വാങ്ങുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. നുണപറയുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. ബ്രഹ്മചര്യത്തിൽ നിന്നും വിടുതൽ ഞങ്ങൾക്ക് അനുവദനീയമല്ല. പ്രാണനെ ഹോമിയ്ക്കുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. അസമയത്ത് ഭോജനം ഞങ്ങൾക്ക് അനുവദനീയമല്ല. ബുദ്ധധർമ്മസംഘം ശരണം ഗച്ഛാമി. (ബുദ്ധന്റെ ധർമ്മ ത്തേയും സംഘത്തേയും ശരണം പ്രാപിയ്ക്കുന്നു)

പാശുപതൻ: സത്യസോമാ, കേട്ടില്ലെ? ഇതാണവരുടെ രീതി. ഇതിനു നിന്റെ മറുപടി എന്താണ്?

കപാലി: നുണപറയുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല

പാശുപതൻ: രണ്ട് പേരും അവരവരുടെ കാര്യങ്ങൾ പറഞ്ഞു. ഇനി ഇതെങ്ങനെ തീരുമാനിയ്ക്കും?

ബുദ്ധഭിക്ഷു: ബുദ്ധധർമ്മം പിന്തുടരുന്ന ഒരു ഭിക്ഷുവിനു മദ്യചഷകം ആവശ്യമുണ്ടോ?

പാശുപതൻ: പ്രതിജ്ഞ ചെയ്തതുകൊണ്ട് ഉറപ്പിക്കാൻ പറ്റില്ലല്ലൊ.

കപാലി: വ്യക്തമായ തെളിവ് ഇവിടെ ഉണ്ടെന്നിരിക്കേ, ഇങ്ങനെ സംസാരിയ്ക്കുന്നത് നിരർത്ഥകമാണ്.

പാശുപതൻ: എന്താണ് പ്രത്യക്ഷമായ തെളിവ്?

ദേവസോമ: ഭഗവാൻ, അവന്റെ തുണിയ്ക്കടിയിൽ ഒളിപ്പിച്ച കയ്യിലെ കപാലം തന്നെ.

പാശുപതൻ: എടാ നീ കേട്ടല്ലോ?

ബുദ്ധഭിക്ഷു: ഈ കപാലം മറ്റ് ആരുടേയും അല്ല. എന്റെ തന്നെ ആണ്.

കപാലി: എന്നാൽ കാണിയ്ക്കെടാ അത്

ബുദ്ധഭിക്ഷു: ശരി (കാണിയ്ക്കുന്നു)

കപാലി: (ആക്ഷേപഹാസ്യത്തോടെ) നോക്കൂ ശിവഭക്തരേ, നോക്കൂ കാപാലികൻ ചെയ്ത അന്യായവും ബുദ്ധഭിക്ഷുവിന്റെ നല്ലനടപ്പും.

ബുദ്ധഭിക്ഷു: തരാത്ത ദാനം പിടിച്ച് വാങ്ങുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. നുണപറയുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. ബ്രഹ്മചര്യത്തിൽ നിന്നും വിടുതൽ ഞങ്ങൾക്ക് അനുവദനീയമല്ല. പ്രാണനെ ഹോമിയ്ക്കുന്നത് ഞങ്ങൾക്ക് അനുവദനീയമല്ല. അകാലഭോജനം ഞങ്ങൾക്ക് അനുവദനീയമല്ല. ബുദ്ധധർമ്മസംഘം ശരണം ഗച്ഛാമി.

(രണ്ട് പേരും നൃത്തം ചെയ്യുന്നു. ഒരാൾ കപാലം തിരിച്ച് കിട്ടി എന്ന് വിചാരിച്ചും മറ്റേയാൾ കപാലിയുടെ വാദം പൊളിഞ്ഞു എന്ന് വിശ്വസിച്ചും ആണ് നൃത്തം ചെയ്യുന്നത്))

ബുദ്ധഭിക്ഷു: ധിക്കാരി! നാണമില്ലാതെ നൃത്തം ചെയ്യുന്നു.

കപാലി: അ, ആരാണ് നൃത്തം ചെയ്യുന്നത്? (ചുറ്റും നോക്കി) എനിയ്ക്കെന്റെ നഷ്ടപ്പെട്ട ഭിക്ഷാപാത്രം തിരിച്ച് കിട്ടിയ സന്തോഷം ആകുന്ന മലയമാരുതൻ(=മലകളിൽ നിന്നും വരുന്ന കാറ്റ്) ഏൽക്കുമ്പോൾ വള്ളികളെന്ന പോലെ ഞാൻ നൃത്തം ചെയ്യുന്നതായി അവനു തോന്നുന്നതായിരിക്കും.

ബുദ്ധഭിക്ഷു: ഭഗവാൻ, ശ്രദ്ധിച്ചു നോക്കൂ, ഇതിന്റെ നിറമെന്താണ്?

കപാലി: ഞാനെന്ത് പറയാൻ? ഞാൻ കണ്ടു. കാക്കയേക്കാൾ കറുത്തതായി പാത്രം

ബുദ്ധഭിക്ഷു: അപ്പൊ നിനക്ക് ഉറപ്പായില്ലെ പാത്രം എന്റെ തന്നെ എന്ന്.

കപാലി: നിനക്ക് പാത്രത്തിന്റെ നിറം മാറ്റാനും അറിയാമെന്ന് എനിയ്ക് ഉറപ്പായി. എങ്ങനെ എങ്കിൽ ആദ്യം താമരനൂലുപോലെ വെളുത്തനിറമായിരുന്ന നിന്റെ വസ്ത്രം വിചാരിക്കാൻ കൂടെ പറ്റാത്ത ചെയ്തികളാൽ നീ അത് പ്രഭാതകിരണങ്ങളുടെ ചെമ്പ്നിറമാർന്ന ചുവപ്പാക്കി. അപ്പോൾ, ഉള്ളിലും പുറത്തും കാഷായനിറമാർന്ന നിന്റെ അടുക്കൽ കപാലമെത്തിയാൽ അതിന്റെ നിറവും മാറാതിരിയ്ക്കുമോ?

ദേവസോമ: ആഹാ, ഞാൻ നശിച്ചു! നിർഭാഗ്യവതി ഞാൻ!  ബ്രഹ്മാവിന്റെ തലയോട്ടി പോലെ സർവലക്ഷണങ്ങളോടും കൂടി പൂർണ്ണചന്ദ്രനെ പോലെ ഉള്ള, എപ്പോഴും മദ്യഗന്ധിയായിരുന്ന കപാലം, വൃത്തികെട്ട ഇവൻ തൊട്ടതിനാൽ കണ്ടില്ലെ, അതിന്റെ സ്ഥിതി!

(ഇത് പറഞ്ഞ് കരയുന്നു)

കപാലി: പ്രിയേ, സങ്കടപ്പെടരുത്. നമുക്കതിന്റെ വീണ്ടും പഴയപോലെ ശുദ്ധമാക്കാം. മഹാത്മാക്കൾ പ്രായശ്ചിത്തം ചെയ്ത് കളങ്കവിമുക്തി നേടിയിട്ടുണ്ട്. ഉദാഹരണത്തിന്, ബ്രഹ്മാവിന്റെ ഒരു ശിരസ്സ് അറുത്ത പാപത്തിൽ നിന്നും ശിവഭഗവാൻ മഹാവ്രതം അനുഷ്ഠിച്ച് മുക്തി നേടി. പണ്ട് ഇന്ദ്രൻ ത്വഷ്ട്രിയുടെ മകനായ ത്രിശിരസ്സിനെ വധിച്ച ശേഷം നൂറുയാഗം ചെയ്ത് പാപമുക്തി നേടിയിട്ടുണ്ട്.  
എടോ ബഭ്രുകൽപ്പാ, അങ്ങനെ അല്ലേ?
പാശുപതൻ: ആഗമഗ്രന്ഥങ്ങളിൽ(=വേദം പുരാണം തുടങ്ങിയ ഗ്രന്ഥങ്ങൾ) പറഞ്ഞ കാര്യമാണ് നീ ഇപ്പോൾ പറഞ്ഞത്.

ബുദ്ധഭിക്ഷു: ശരി, നിറം മാറ്റിയത് ഞാനാണെങ്കിൽ, ഇതിന്റെ വലിപ്പവും ആകൃതിയും മാറിയതെങ്ങനെ?

കപാലി: മായയുടെ സന്താനപരമ്പരയിൽ പെട്ടവനല്ലേ നീ?

ബുദ്ധഭിക്ഷു: ഹ! എനിയ്ക്ക് നിന്നോട് തല്ലുകൂടാൻ വയ്യ, എടുത്തുകൊണ്ട് പോ

കപാലി: ബുദ്ധനും ഇതുപോലെ ആകും ദാനവീരൻ ആയിട്ടുണ്ടാകുക, അല്ലേ?

പാശുപതൻ: എനിയ്ക്ക് ഈ തർക്കം തീർക്കാൻ പറ്റുന്നില്ല. അതിനാൽ നമുക്ക് കോടതിയെ സമീപിയ്ക്കാം

ദേവസോമ: ഭഗവാൻ, എന്നാൽ ഞങ്ങളുടെ കപാലത്തിനോട് വിട പറയാം.

പാശുപതൻ: നീ എന്താ ഉദ്ദേശിച്ചത്?

ദേവസോമ: ബുദ്ധവിഹാരങ്ങളിലെ സ്വത്തും സുഖവാസവും അനുഭവിയ്ക്കുന്ന ഇവന് കോടതിഉദ്യോഗസ്ഥരുടെ വായനിറയെ കൊടുക്കാൻ വളരെ എളുപ്പമാണ്. ഞാൻ പാവം കാപാലികന്റെ ദാസി. ഞങ്ങൾക്കുള്ള സ്വത്ത് വെറും പാമ്പിൻ തോലും ഭസ്മവും മാത്രം. അതും കൊണ്ട് കോടതിയിലെങ്ങനെ പോകും?

പാശുപതൻ: അല്ല, അത് ശരിയല്ല. അങ്ങനെ അല്ല. സത്യസന്ധരും നീതിമാന്മാരുമായവർ  സ്ഥൈര്യത്തോടെ ധർമ്മത്തെ, കൊട്ടാരത്തിന്റെ തൂണുകൾ പോലെ കാക്കുന്നു.

കപാലി: മതി മതി. സത്യസന്ധനായവനു പേടിയ്ക്കാനൊന്നും ഇല്ല.

ബുദ്ധഭിക്ഷു: ഭഗവാൻ, വഴികാണിച്ചാലും. കോടതിയിലെക്ക് നയിച്ചാലും.

പാശുപതൻ: തീർച്ചയായും.

(എല്ലാവരും ചുറ്റിനടക്കുന്നു)

(ആ സമയം ഭ്രാന്തൻ പ്രവേശിയ്ക്കുന്നു)

ഭ്രാന്തൻ: അതാ നായ. കുരുത്തം കെട്ട തെണ്ടിനായേ, വറുത്ത ഇറച്ചി നിറച്ച് തലയോട്ടി കടിച്ച്പിടിച്ച് നീ ഓടുന്നുവോ? ദാസീപുത്രാ, എവിടേയ്ക്കാണ് നീ ഓടുന്നത്?
അയ്യോ, അവൻ തലയോട്ടി താഴെയിട്ട് എന്നെ കടിയ്ക്കാൻ വരുന്നു! (ചുറ്റും നോക്കി) ഈ കല്ലുകൊണ്ട് അവന്റെ പല്ലെറിഞ്ഞ് കൊഴിയ്ക്കുക തന്നെ. ഓ! എന്റെ ധര്യം കണ്ട് നീ പേടിച്ചോടിപ്പോയോ പരട്ട നായേ? സമുദ്രം ഗ്രാമസൂകര(=പന്നി)ത്തിനുമുകളി കയറി  ആകാശത്തേയ്ക്ക് പറന്ന് രാവണനെ കീഴ്പ്പെടുത്തി ഇന്ദ്രന്റെ മകൻ തിമിംഗലത്തെ പിടിച്ചു. എന്താ ആവണക്ക് മരമേ പറയുന്നത്? സത്യമല്ല എന്നോ? എന്റെ കൈകളെപ്പോലെ നീണ്ടതും ഗദപോലെ തടിച്ചതും ആയ ഈ മേഘം സാക്ഷിയല്ലേ? ഹ, അല്ലെങ്കിലും മൂന്നുലോകങ്ങളിലും അറിയുന്നവനു സാക്ഷിയെന്തിനാണ്? ഞാൻ പട്ടി ഉപേക്ഷിച്ച ഈ മാംസക്കഷ്ണങ്ങൾ തിന്നട്ടെ. (തിന്നശേഷം) അയ്യോ എന്നെ കൊല്ലുന്നെ എന്നെ കണ്ണീരുകൊണ്ട് കൊല്ലുന്നേ. (കരഞ്ഞുകൊണ്ട് ചുറ്റും നോക്കുന്നു) ആരാണെന്നെ തല്ലുന്നത്?
(ചുറ്റും നോക്കി) ദുഷ്ടസന്താനങ്ങളേ, ഘടോൽക്കചൻ ഭീമസേനന്റെ എന്നപോലെ ഞാനും ആരോ എന്തോ ആരുടേയോ…. മരുമകനാണ്.. എന്തിനധികം, കേൾക്കെടാ, പലവേഷങ്ങളിൽ ശൂലവും പിടിച്ച് നൂറുപിശാചുക്കൾ എന്റെ വയറ്റിൽ ഉണ്ട്. ഞാനവയെ ഛർദ്ദിച്ചാൽ നൂറു പുലികളും പാമ്പുകളും ആയിത്തീരും.
എന്തിനാ എന്നെ തല്ലുന്നത്? ദയവായി തല്ലരുത്, കൂട്ടരെ, ഈ ചെറുമാംസക്കഷ്ണത്തിനായി എന്നെ തല്ലരുത്. (മുന്നിലേക്ക് നോക്കി) അതാ അവിടെ എന്റെ ആചാര്യൻ ശൂരനന്ദി ഉണ്ട്.
(ഇത് പറഞ്ഞ് ഭ്രാന്തൻ മുന്നോട്ട് ഓടുന്നു)

പാശുപതൻ: ആ ഭ്രാന്തൻ ഇതാ ഇവിടേയ്ക്ക് വരുന്നൂ. അവനെ നോക്കൂ:
ഉപേക്ഷിച്ച പിഞ്ഞിക്കീറിയ പഴംതുണി കൊണ്ടുള്ള വേഷം ആകെ പൊടിയും മണ്ണും ഭസ്മവും പൂശി ഉണക്കമാലകൾ അണിഞ്ഞ് അഴുക്കുപുരണ്ട അവൻ നടക്കുന്നത് കാണുമ്പോൾ ഗ്രാമത്തിലെ കുപ്പ മനുഷ്യരൂപമെടുത്ത് നടന്നുവരികയാണെന്ന് തോന്നു. നോക്കൂ കുറെ കാക്കകളും അവന്റെ കയ്യിലുള്ളത് തട്ടിപ്പറിയ്ക്കാനായി ഒപ്പം കൂടിയിട്ടുണ്ട്.

ഭ്രാന്തൻ: ഞാൻ ചെല്ലട്ടെ. (അടുത്ത് ചെന്ന്) ഭഗവാൻ, മഹാസാധുവായ ഒരു ചണ്ഡാളന്റെ നായയുടെ വായിൽ നിന്നും കിട്ടിയ ഈ കപാലം അങ്ങ് സ്വീകരിച്ചാലും.

പാശുപതൻ: (അധിക്ഷേപിച്ചുകൊണ്ട്) എടാ ഇവിടെ എന്റെ കയ്യിൽ താ.

ഭ്രാന്തൻ: മഹാബ്രാഹ്മണാ, പ്രസാദിച്ചാലും

ബുദ്ധഭിക്ഷു: ഈ മഹാപാശുപതനാണ് അത് ലഭിയ്ക്കാൻ യോഗ്യൻ

ഭ്രാന്തൻ: (കപാലിയുടെ സമീപം ചെന്ന് കപാലഭിക്ഷാപാത്രം മുന്നിൽ നിലത്ത് വെയ്ക്കുന്നു. ശേഷം ഇടതുവശത്ത് നിന്നും വലതുദിശയിലേക്ക് കപാലിയുടെ ചുറ്റും നടന്ന് കാൽക്കൽ വീഴുന്നു) മഹാദേവ, പ്രസാദിച്ചാലും, പ്രണാമം.

കപാലി: ഹായ് ഇത് നമ്മുടെ കപാലം ആണല്ലൊ

ദേവസോമ: അത് തന്നെ.

കപാലി: ദൈവാനുഗ്രഹം കൊണ്ട് ഞാൻ വീണ്ടും കപാലിയായി. (എടുക്കാൻ തുനിയുന്നു)

ഭ്രാന്തൻ: പോടാ ദാസീപുത്ര, പോയി വിഷം കുടിയ്ക്ക് (കപാലം പെട്ടെന്ന് എടുത്ത് പോകുന്നു)

കപാലി: (തിരിഞ്ഞ്) ഈ കാലമാടൻ എന്റെ ജീവൻ എടുക്കുന്നു.രണ്ട് പേരും ദയവായി എന്നെ സഹായിക്കൂ.

രണ്ട് പേരും: ശരി ഞങ്ങൾ സഹായിക്കാം. (എല്ലാവരും കൂടെ ഭ്രാന്തന്റെ വഴി തടയുന്നു)
കപാലി: എടാ നിൽക്ക് നിൽക്കവിടെ

ഭ്രാന്തൻ: ഇവരെന്തിനാ എന്നെ തടയുന്നത്?

കപാലി: എന്റെ കപാലം തന്ന് നീ പൊയ്ക്കോ

ഭ്രാന്തൻ: മണ്ടാ, ഇതൊരു സ്വർണ്ണപ്പാത്രമാണെന്ന് നീ കാണുന്നില്ലേ?

കപാലി: ഇത്തരം ഒരു സ്വർണ്ണപ്പാത്രം ആരാണുണ്ടാക്കുക?

ഭ്രാന്തൻ: ഭഗവാൻ, എന്റെ സ്വർണ്ണ അങ്കിയണിഞ്ഞ അളിയനായ തട്ടാൻ ഉണ്ടാക്കിയതുകൊണ്ട് ഞാനിതിനെ സ്വർണ്ണപ്പാത്രം എന്ന് വിളിക്കും

ബുദ്ധഭിക്ഷു: നീ എന്താ ചെലയ്ക്കുന്നത്?

ഭ്രാന്തൻ: ഇതൊരു സ്വർണ്ണപാത്രം ആണ്.

ബുദ്ധഭിക്ഷു: ഇവനെന്താ ഭ്രാന്തനാണോ?

ഭ്രാന്തൻ: ഭ്രാന്തൻ, ഭ്രാന്തൻ എന്ന് ഞാൻ കുറെ ആയി കേൾക്കുന്നു. ഇതെടുത്തോ എന്നിട്ട് എനിയ്ക്ക് ഒരു ഭ്രാന്തനെ കാണിച്ച് താ.

(കപാലം ബുദ്ധഭിക്ഷുവിനു കൊടുക്കുന്നു)

കപാലി: (കപാലം വാങ്ങി) ഭ്രാന്തൻ ദേ ഈ വഴി ഇപ്പോൾ പോയി. വേഗം ചെന്നോ

ഭ്രാന്തൻ: ആഹാ.. ഞാൻ പോയി നോക്കട്ടെ.

(ഭ്രാന്തൻ പെട്ടെന്ന് പോകുന്നു)

ബുദ്ധഭിക്ഷു: ആശ്ചര്യം തന്നെ! അന്യർക്കാണെങ്കിലും ഭാഗ്യം വന്നതിൽ ഞാൻ സന്തോഷിക്കുന്നു.

കപാലി: (കപാലത്തെ കെട്ടിപ്പിടിച്ചുകൊണ്ട്) മഹേശ്വരന്റെ ഉത്തമ ഭക്തനായി  അഖണ്ഡമായ തപസ്സ് ഞാൻ തുടങ്ങിയിട്ട് അനവധികാലമായി. ഇപ്പോൾ ഭ്രാന്തനും പോയി എന്റെ കപാലം തിരിച്ച് കിട്ടുകയും ചെയ്തും. സന്തോഷം സന്തോഷം

ദേവസോമ: ഭഗവാൻ, ചന്ദ്രനുദിച്ച പ്രദോഷസന്ധ്യ പോലെ അങ്ങയുടെ മുഖത്തെ സന്തോഷം

പാശുപതൻ: ഭാഗ്യം കൊണ്ട് നിനക്ക് നിന്റെ നിധി കിട്ടി

കപാലി: എനിയ്ക്ക് നിധി കിട്ടിയതിനു കാരണം നീ ആണ്.

പാശുപതൻ: (ആത്മഗതം) നിരപരാധികൾക്ക് പേടിയ്ക്കാനൊന്നും ഇല്ല എന്ന് പറയുന്നത് ശരി തന്നെ. ബുദ്ധഭിക്ഷു പുലിവായയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. (ഉറക്കെ) എന്റെ സുഹൃത്തിന്റെ സന്തോഷം എനിയ്ക്കും സന്തോഷം തന്നെ. ഞാനിനി സന്ധ്യാപൂജകൾക്കായി കിഴക്കേ അമ്പലത്തിലേക്ക് പോകട്ടെ. ഇനി,
കിരാതരൂപിയായ ശിവനും അർജ്ജുനനും തമ്മിൽ ഉണ്ടായ പോലെ, ഇപ്പോൾ നിങ്ങൾ തമ്മിലുണ്ടായ കലഹം പരസ്പരസ്നേഹമായി മാറട്ടെ.

(ഇതും പറഞ്ഞ് പാശുപതൻ പോകുന്നു)

കപാലി: എടോ നാഗസേന, ഞാനെന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ എന്നോട് ക്ഷമിയ്ക്കൂ.

ബുദ്ധഭിക്ഷു: അത് ചോദിയ്ക്കേണ്ട ആവശ്യമില്ല. പറയൂ, ഞാൻ നിനക്കെന്ത് ചെയ്ത് തരണം?

കപാലി:നീ ക്ഷമിച്ചെങ്കിൽ അതിൽ കൂടുതൽ എനിയ്ക്ക് ചോദിയ്ക്കാനെന്തിരിക്കുന്നു?

ബുദ്ധഭിക്ഷു: ശരി, എനിയ്ക്ക് പോകാനുള്ള സമയമായി

കപാലി: ശരി വീണ്ടും കാണാം

ബുദ്ധഭിക്ഷു: അങ്ങനെ ആകട്ടെ

(പോകുന്നു)
കപാലി: പ്രിയേ ദേവസോമേ, നമുക്കും പോകാം.

ഭരതവാക്യം

പ്രജകളുടെ ക്ഷേമത്തിനായിക്കൊണ്ട് എല്ലായ്‌പ്പോഴും അഗ്നി ആഹുതികൾ സ്വീകരിയ്ക്കട്ടെ. ബ്രാഹ്മണർ വേദമന്ത്രങ്ങൾ ഓതട്ടെ, ഗോക്കൾ ധാരാളം പാലുതരട്ടെ. ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളകാലത്തോളം ജനങ്ങൾ ധർമ്മസേവ ചെയ്ത് സംസാരദുഃഖങ്ങളിൽ നിന്നും മുക്തരാവട്ടെ. ശത്രുമല്ലനായ രാജാ മഹേന്ദ്രവിക്രമ വർമ്മ ശത്രുക്കളെ ഹനിച്ച് രാജ്യം ഭരിയ്ക്കട്ടെ.

(രണ്ട് പേരും പോകുന്നു)

മത്തവിലാസപ്രഹസനം ഇവിടെ സമാപിയ്ക്കുന്നു.

No comments:

Post a Comment