ലക്കില്ലാവിളയാട്ടം


Sunday, March 6, 2016

ഭാഗം - 2


കപാലി: ഭവതി ഭിക്ഷാം ദേഹി! (ഭിക്ഷ തന്നാലും)

(അണിയറയിൽ)

ഭഗവൻ, ഇതാ ഭിക്ഷ സ്വീകരിച്ചാലും

കപാലി: ശരി, സ്വീകരിയ്ക്കുന്നു. പ്രിയേ എന്റെ കപാലം എവിടെ?

ദേവസോമ: ഞാൻ കണ്ടില്ലല്ലൊ

കപാലി: (ആലോചിച്ച്) ങ്ഹാ, ഞാനത് മറ്റേ മദ്യശാലയിൽ മറന്നുവെച്ചെന്ന് തോന്നുന്നു. നമുക്ക് തിരിച്ച് ചെന്ന് നോക്കാം.

ദേവസോമ: ഭഗവാൻ, ബഹുമാനത്തോടെ തരുന്ന ഭിക്ഷ സ്വീകരിയ്ക്കാതിരിയ്ക്കരുത്. നമ്മൾ എന്ത് ചെയ്യും ഇപ്പോൾ?

കപാലി: ആപത്ത് കാലത്ത് ഉചിതമായ അടിയന്തരനിയമങ്ങൾ പിൻതുടരുക. ഈ പശുക്കൊമ്പിൽ ഭിക്ഷ സ്വീകരിച്ചാലും.

ദേവസോമ: ശരി തന്നെ.

(ദേവസോമ മദ്യഭിക്ഷ പശുക്കൊമ്പിൽ സ്വീകരിയ്ക്കുന്നു)

(ശേഷം രണ്ട് പേരും ചുറ്റിനടന്ന് അന്വേഷിക്കുന്നു.)

കപാലി: (വിഷാദത്തോടെ) എന്തൊരു കഷ്ടം! എവിടേയും അത് കാണുന്നില്ല
അല്ലയോ മഹേശ്വരാ ശിവഭക്തരെ, എന്റെ ഭിക്ഷാപാത്രം കണ്ടുവോ?
എന്തേ പറഞ്ഞത്? നിങ്ങൾ കണ്ടിട്ടില്ല എന്നോ
ആഹാ! കഷ്ടം നശിച്ചു എല്ലാം. എന്റെ തപസ്സ് നശിച്ചു. തപസ്സ് മുറിഞ്ഞുപോയി. കപാലമില്ലാതെ ഞാനെങ്ങനെ ഒരു കപാലിയാകും? കഷ്ടേ കഷ്ടം!
ശുദ്ധവുംശുഭ്രവുമായ ആ കപാലം, കുടിയ്ക്കാനും കഴിയ്ക്കാനും ഉറങ്ങാനും സഹായം! നല്ലൊരു സുഹൃത്തിന്റെ വേർപാടുപോലെ ഇപ്പോൾ എന്റെ മനസ്സിനെ മഥിയ്ക്കുന്നു.

(കപാലി താഴെകിടന്ന് തലയടിച്ച് ഉരുളുന്നു) ങ്ഹെ? നഷ്ടപ്പെട്ടിട്ടില്ല. എന്റെ തലയോട്ടി സുരക്ഷിതമാണല്ലൊ. എനിയ്ക്ക് കപാലി എന്ന വിശേഷണം നഷ്ടപ്പെട്ടിട്ടില്ല.
(സ്വന്തം തലയോട്ടി കേടില്ലാതെ കഴുത്തിനുമുകളിൽ ഉണ്ടല്ലൊ എന്ന അർത്ഥത്തിൽ)

(എഴുന്നേറ്റ്)

ദേവസോമ: ഭഗവാൻ, താങ്കളുടെ കപാലഭിക്ഷാപാത്രം ആരായിരിക്കും എടുത്തിട്ടുണ്ടാവുക?

കപാലി: പ്രിയേ, ഒന്നുകിൽ ഒരു നായ അല്ലെങ്കിൽ ഒരു ബുദ്ധഭിക്ഷു കാരണം അതിൽ വരട്ടിയ മാംസമുണ്ടായിരുന്നല്ലൊ.

ദേവസോമ: എന്നാൽ നമുക്ക് കാഞ്ചീപുരം മുഴുവൻ നടന്ന് അന്വേഷിക്കാം.

കപാലി: ശരി പ്രിയേ.

(രണ്ട് പേരും ചുറ്റിനടക്കുന്നു)

(ശേഷം ബുദ്ധഭിക്ഷു കയ്യിൽ പിടിച്ച് വസ്ത്രംകൊണ്ട് മറച്ച ഭിക്ഷാപാത്രവുമായി പ്രവേശിയ്ക്കുന്നു)

ബുദ്ധഭിക്ഷു: (ഗന്ധം ശ്വസിച്ചുകൊണ്ട്) ആഹ്! ബുദ്ധോപാസകൻ ധനദാസന്റെ മഹാദാനമഹിമ മറ്റാരേക്കാളും അതിവിശിഷ്ടം തന്നെ. ഇന്നവൻ ഭിക്ഷയായി തന്ന മത്സ്യമാംസാദി നിറഞ്ഞ ഭക്ഷണം പലവർണ്ണങ്ങളലാലും ഗന്ധങ്ങളലാലും രുചികളാലും അതിവിശിഷ്ടം തന്നെ. ഇനി തിരിച്ച് വിഹാരത്തിലേയ്ക്ക് തന്നെ മടങ്ങാം.

(ആത്മഗതം ചെയ്തുകൊണ്ട് ചുറ്റിനടക്കുന്നു)

അനുകമ്പാഹൃദയനായ ഭഗവാൻ ബുദ്ധൻ ഉപാസകരോട് കൊട്ടാരങ്ങളിൽ വസിയ്ക്കാനും നല്ലമെത്തയിൽ ഉറങ്ങാനും, പ്രാതൽ കഴിയ്ക്കാനും അത്താഴമായി സ്വാദിഷ്ടമായ പഴച്ചാറുകൾ കഴിയ്ക്കാനും അഞ്ചുതരം സുഗന്ധദ്രവ്യങ്ങൾ അടങ്ങിയ വെറ്റില കൂട്ടി മുറുക്കാനും നല്ലവേഷം ധരിയ്ക്കാനുമെല്ലാം ഉപദേശിച്ചു. പക്ഷെ, ഭാര്യാസുഖവും മദ്യസേവയും അരുത് എന്ന് പറഞ്ഞു. പക്ഷെ സർവ്വജ്ഞനായ അദ്ദേഹം അങ്ങനെ പറയാൻ വഴിയില്ല. വല്ല വയസ്സൻ ബുദ്ധസംന്യാസികളും ഭാര്യാസുഖത്തേയും മദ്യസേവയേയും പറ്റി പറയുന്ന ഭാഗങ്ങൾ വിശുദ്ധഗ്രന്ഥങ്ങളിൽ നിന്നും എടുത്ത് മാറ്റിയതാവാനേ തരമുള്ളൂ. അവർക്ക് ചെറുപ്പക്കാരോട് അസൂയ ആണല്ലൊ. മാറ്റങ്ങൾ വരുത്താത്ത ആ മൂലഗ്രന്ഥം എവിടെ ആണാവോ? എനിയ്ക്കത് ലഭിച്ചെങ്കിൽ ഭഗവാൻ ബുദ്ധന്റെ മുഴുവൻ വാക്കുകളും കണ്ടെടുത്തതിന്റെ തൃപ്തി ബുദ്ധസംന്യാസി സമൂഹത്തിനു സ്വന്തമാകും.

(ചുറ്റിനടക്കുന്നു)

ദേവസോമ: പ്രഭോ, നോക്കൂ. രാജവീഥിയിലെ ജനക്കൂട്ടത്തിന്റെ തിരക്കിനിടയിലൂടെ ചുവന്നവസ്ത്രം ധരിച്ച് ഒരുവൻ പോകുന്നത് കാണൂ. സങ്കോചത്തോടെ ചുറ്റും നോക്കി കുനിഞ്ഞ് കുനിഞ്ഞ് വല്ലവരും നോക്കുന്നുണ്ടോ എന്ന ആകാംഷ നിറഞ്ഞ കണ്ണുകളോടെ വേഗം വേഗം അവൻ പോകുന്നു. അവനെന്തോ പേടിച്ചാണ് പോകുന്നതെന്ന് തോന്നുന്നു.

കപാലി: പ്രിയേ നീ പറഞ്ഞത് സത്യം തന്നെ. എന്തോ മറയ്ക്കുന്ന പോലെ അവന്റെ കൈകൾ വേഷത്തിനുള്ളിൽ തിരുകിയിരിക്കുന്നു.

ദേവസോമ: പ്രഭോ, നമുക്ക് ചെന്ന് അവനെ പിടിയ്ക്കാം.

കപാലി: ശരി (അടുത്ത് ചെന്ന്) എടാ ഭിക്ഷു നിൽക്കവിടെ

ബുദ്ധഭിക്ഷു: ങ്ഹെ? എന്നെ ആരാവിളിയ്ക്കുന്നത്? (തിരിഞ്ഞ് നോക്കി) ഹോ ഏകാമ്രനാഥന്റെ അമ്പലത്തിനു(=(കാഞ്ചിയിലെ പ്രസിദ്ധമായ ശിവക്ഷേത്രം) സമീപം താമസിയ്ക്കുന്ന ആ ദുഷ്ടകപാലി ആണല്ലൊ ഇത്. എനിയ്ക്ക് കള്ളുകുടിച്ച് ലക്കില്ലാത്തവന്റെ ഉപദ്രവം ഏൽക്കാൻ വയ്യ. (ധൃതിയിൽ പോകുന്നു)

കപാലി: ആഹാ പ്രിയേ നമ്മുടെ കപാലം കണ്ട്പിടിച്ചു. എന്നെക്കണ്ടപ്പോൾ അവൻ ഓടുന്നത് കണ്ടില്ലേ? അവൻ തന്നെ കള്ളൻ. (പെട്ടെന്ന് മറികടന്ന് ഭിക്ഷുവിനെ തടഞ്ഞ് നിർത്തുന്നു) എടാ തെമ്മാടി, ഇനി എവിടെ പോകാനാണ് നീ?

ബുദ്ധഭിക്ഷു: കപാലി അരുത്, അരുത്. എന്താണിത്? (ആത്മഗതമായി മെല്ലെ) ആഹാ! ഭക്തയെ കാണാൻ നല്ല ചന്തമുണ്ടല്ലൊ.

കപാലി: എടാ ഭിക്ഷൂ കേൾക്ക്, എനിയ്ക്ക് ഇപ്പോ നീ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചതെന്ത് എന്നറിയണം. കാണിയ്ക്ക്

ബുദ്ധഭിക്ഷു: അതിലെന്ത് കാണാനിരിയ്ക്കുന്നു? അത് വെറും ഭിക്ഷാപാത്രം.

കപാലി: അതുതന്നെ ആണെനിയ്ക്ക് കാണേണ്ടതും

ബുദ്ധഭിക്ഷു: ഇല്ല കപാലി ഇല്ല. ഭിക്ഷപാത്രം മറച്ച് വെയ്ക്കുന്നത് തന്നെ ഉചിതം

കപാലി: ഓഹോ അപ്പോൾ സാധനങ്ങൾ ഒളിപ്പിയ്ക്കാനായിരിക്കും ബുദ്ധൻ നിങ്ങളോട് ഇത്തരം വസ്ത്രം ധരിയ്ക്കാൻ ആദ്യമേ പറഞ്ഞത്, അല്ലേ?

ബുദ്ധഭിക്ഷു: ഇത് സത്യം

കപാലി: ഇത് സംവൃതസത്യം(=മൂടിയസത്യം) എനിയ്ക്ക് പരമമായ സത്യം ആണറിയേണ്ടത്

ബുദ്ധഭിക്ഷു: കളിയാക്കുന്നത് മതി. ഭിക്ഷാസമയം കഴിഞ്ഞു. എനിയ്ക്ക് പോകണം. (പോകാൻ തുടങ്ങുന്നു)

കപാലി: എടാ തെമ്മാടി, എന്റെ കപാലം താ
(വസ്ത്രത്തുമ്പ് കടന്ന് പിടിയ്ക്കുന്നു)

ബുദ്ധഭിക്ഷു: നമോ ബുദ്ധായ!

കപാലി: ഒ! നമോ ഖരപടായ(ഖരപടൻ=കള്ളന്മാരുടെ ചോരശാസ്ത്രം എഴുതിയ ആൾ എന്ന് വിശ്വസിക്കപ്പെടുന്നു) എന്നാണ് പറയേണ്ടത്. അവനല്ലെ നിങ്ങളെ ചോരശാസ്ത്രം പഠിപ്പിച്ചത്. അല്ല, ഇക്കാര്യത്തിൽ ചിലപ്പോൾ ബുദ്ധനാകും ഖരപടനേക്കാൾ മീതെ. കാരണം ബ്രാഹ്മണരുടെ മൂക്കിനടിയിൽ നിന്നും വേദങ്ങളിലേയും മഹാഭാരതത്തിലേയും ആശയം നിങ്ങളുടെ തഥാഗതൻ(=ബുദ്ധൻ) മോഷ്ടിച്ച് സ്വന്തം വേദാന്തം എന്ന് അവകാശപ്പെട്ടു. അത് കേട്ട് വിഡ്ഢികളായ ബ്രാഹ്മണർ വായയും പൊളിച്ച് നിന്നു.

ബുദ്ധഭിക്ഷു: ശാന്തം പാപം! ശാന്തം പാപം! (പാപം ക്ഷമിയ്ക്കണേ പാപം ക്ഷമിയ്ക്കണേ)

കപാലി: നല്ല ചിട്ടയുള്ള തപസ്സികളുടെ പാപം എന്തുകൊണ്ട് ക്ഷമിയ്ക്കുന്നില്ല?

ദേവസോമ: ഭഗവാൻ, അങ്ങ് വളരെ ക്ഷീണിതനായി കാണപ്പെടുന്നു. കപാലം ലഭിയ്ക്കാൻ എളുപ്പവഴിയുമില്ല. പശുക്കൊമ്പിലെ മദ്യം അൽപ്പം സേവിച്ച് വാഗ്വാദത്തിനുവേണ്ട ഉൽസാഹം വീണ്ടെടുക്കൂ.

കപാലി: ശരി തന്നെ (ദേവസോമ മദ്യം കപാലിയ്ക്ക് കൊടുക്കുന്നു)

കപാലി: (മദ്യം കുടിച്ചുകൊണ്ട്) പ്രിയേ നീയും കുടിയ്ക്ക്. നിനക്കും ഉഷാർ വരട്ടെ

ദേവസോമ: ഭഗവാൻ, ഞാനും. (കുടിയ്ക്കുന്നു)

കപാലി: ഇവൻ നമ്മളെ ഉപദ്രവിച്ചു എങ്കിലും, പങ്ക് വെയ്ക്കുന്നതിനു നമ്മുടെ വേദാന്തം വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനാൽ പ്രിയേ ബാക്കിഭാഗം ഇവനു കൊടുക്കൂ.

ദേവസോമ: ഭഗവാന്റെ ആജ്ഞ പോലെ. ഭഗവാൻ (ഭിക്ഷുവിനോടായി) ഇത് സ്വീകരിച്ചാലും

ബുദ്ധഭിക്ഷു: (ആത്മഗതം) ആഹാ! എന്തൊരു ഭാഗ്യം! പക്ഷെ ആളുകൾ കാണുമെന്നൊരു ദോഷമുണ്ട്. (ഉറക്കെ) വേണ്ട സ്വാമിനീ. ഞങ്ങൾക്ക് മദ്യസേവ ഉചിതമല്ല.

(ഇതും പറഞ്ഞ് ബുദ്ധഭിക്ഷു കൊതിപൂണ്ടെന്നപോലെ ചുണ്ടുകൾ നക്കുന്നു)

ദേവസോമ: നാശം! നിനക്കിനി ഇത്രയും നല്ല ഭാഗ്യം കിട്ടില്ല

കപാലി: പ്രിയേ, നോക്കൂ ഇവൻ പറയുന്നതല്ല ചെയ്യുന്നത്. അവൻ ചുണ്ട് നക്കുന്നത് കണ്ടില്ലേ?

ബുദ്ധഭിക്ഷു: നിങ്ങൾക്ക് ദയ ലവലേശം ഇല്ലെ?

കപാലി: എനിയ്ക്ക് ദയയുണ്ടെങ്കിൽ ഞാനെങ്ങനെ നിരാസക്തൻ ആകും?

ബുദ്ധഭിക്ഷു: നിങ്ങൾ നിരാസക്തനെങ്കിൽ രോഷാകുലനാകാനും പാടില്ല

കപാലി: നീ എനിയ്ക്ക് എന്റെ സാധനം തന്നാൽ ഞാൻ രോഷാകുലൻ ആകാതിരിയ്ക്കും

ബുദ്ധഭിക്ഷു: നിന്റെ എന്ത് സാധനം?

കപാലി: എന്റെ കപാലപാത്രം

ബുദ്ധഭിക്ഷു: എന്ത് പാത്രം?

കപാലി: ഇവൻ “എന്ത് പാത്രം“ എന്നാക്രോശിയ്ക്കുന്നു. ഇവനു ഉചിതമായിരിക്കും അത് കാരണം, മലകളും സമുദ്രങ്ങളും പോലുള്ള കാണപ്പെടുന്ന മഹാസംഭവങ്ങൾ എല്ലാം മായമാത്രം എന്ന് പറഞ്ഞ് മറച്ചവന്റെ മകനായ നിനക്ക് ഒരു ചെറിയ പാത്രം ഒളിപ്പിച്ച് വെയ്ക്കാൻ എന്താണ് വിഷമം?

ദേവസോമ: ഭഗവാൻ, ഇവൻ നമ്മളെ അതുമിതും പറഞ്ഞ് മയക്കുകയാണ്. അല്ലാതെ പാത്രം തരില്ല. അവന്റെ കയ്യിൽ നിന്നും പാത്രം പെട്ടെന്ന് പിടിച്ച് വാങ്ങി നമുക്ക് പോകാം.

കപാലി: അങ്ങിനെ തന്നെ പ്രിയേ. (കപാലി പാത്രം പിടിച്ച് വാങ്ങാൻ ശ്രമിയ്ക്കുന്നു)

ബുദ്ധഭിക്ഷു: ഉപദ്രവിയ്ക്കരുത് ദുഷ്ടകാപാലികാ
(കപാലിയെ കൈകൾ കൊണ്ട് തള്ളിമാറ്റി കാലുകൊണ്ട് തൊഴിയ്ക്കുന്നു)

കപാലി: ഹമ്മേ, ഞാൻ വീണൂ!

ദേവസോമ: എടാ ദാസീപുത്രാ നിന്നെ ഞാൻ കൊല്ലും (ഭിക്ഷുവിന്റെ തലമുടി പിടിച്ച് വലിയ്ക്കാനായി ശ്രമിയ്ക്കുന്നു. കിട്ടാതെ വീഴുന്നു)

ബുദ്ധഭിക്ഷു: (ആത്മഗതം) ആഹാ, തലമുണ്ഡനം ചെയ്യാൻ നിർദ്ദേശിച്ചതിനു
ശ്രീബുദ്ധനു നമസ്കാരം. (ഉറക്കെ) എഴുന്നേൽക്കൂ ഉപാസികേ, എഴുന്നേൽക്കൂ. (ദേവസോമയെ എഴുന്നേൽക്കാൻ സഹായിക്കുന്നു)

കപാലി: മഹേശ്വരന്മാരെ, ശൈവഭക്തരേ, നോക്കൂ, ബുദ്ധസംന്യാസി എന്ന് പറയുന്ന ഈ ദുഷ്ടനാഗസേനൻ എന്റെ പ്രിയതമയുടെ പാണിഗ്രഹണം ചെയ്യുന്നു.

ബുദ്ധഭിക്ഷു: അഹോ, ഉപാസകാ, അരുത് അരുത്. വീണുകിടക്കുന്നവരെ സഹായിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

കപാലി: ഒഹൊ. അതും നിന്റെ ആ സർവ്വജ്ഞന്റെ ധർമ്മം ആണോ? ശരി അങ്ങിനെ എങ്കിൽ ഞാനല്ലെ ആദ്യം വീണത്? എടാ നിന്റെ തലയോട്ടി തന്നെ ഞാൻ എന്റെ ഭിക്ഷാപാത്രം ആക്കും.

(എല്ലാവരും അടിപിടികൂടുന്നു)

ബുദ്ധഭിക്ഷു: ദുഃഖം! ദുഃഖം!

കപാലി: നോക്കൂ മഹേശ്വരന്മാരെ, കാണൂ ശൈവരേ, ദുഷ്ടഭിക്ഷു എന്ന് പറഞ്ഞ് ഇവനെന്റെ ഭിക്ഷാപാത്രം മോഷ്ടിച്ചത് മാത്രം പോരാ എന്നിട്ട് ഉറക്കെ കരയുന്നു. എന്നാൽ ശരി ഞാനും കരയും. “അബ്രാഹ്മണ്യം, അബ്രാഹ്മണ്യം“ ബ്രാഹ്മണനെ ആക്രമിയ്ക്കുന്നു.

(ആ സമയം പാശുപതൻ പ്രവേശിയ്ക്കുന്നു)

No comments:

Post a Comment